തൃശൂർ: നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ വിളിച്ച സർവകക്ഷി യോഗം അലസിപ്പിരിഞ്ഞു. യോഗം നടക്കുന്നതിനിടെ ടോൾ പിരിവ് ആരംഭിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പിന്നാലെ കളക്ടറേറ്റിന്റെ പ്രധാന കവാടത്തിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു.
വിഷയത്തിൽ കളക്ടറുടെ നിലപാട് സംശയാസ്പദമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൽ ഖാദർ ആരോപിച്ചു. രാഷ്ട്രീയ പാർട്ടികളോടുള്ള അവഹേളനമാണ് ഉണ്ടായതെന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനും പ്രതികരിച്ചു. ടോൾ പിരിവ് അനുവദിക്കില്ലെന്ന നിലപാടിലാണ് യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയ പ്രതിനിധികൾ. വിഷയത്തിൽ ഇന്ന് വൈകുന്നേരം നാട്ടികയിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
അതേസമയം നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവിനെതിരെ ബിജെപിയും രംഗത്തെത്തി. നിർമാണപ്രവൃത്തികൾ പൂർത്തിയാക്കാതെ ടോൾ പിരിവ് നടത്തരുതെന്നാണ് ബിജെപിയുടെ നിലപാട്. പലയിടങ്ങളിലും സർവീസ് റോഡുകൾ ഇല്ലെന്നും നടപ്പാലങ്ങൾ സ്ഥാപിച്ചിട്ടില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി സുജയ് സേനൻ ആവശ്യപ്പെട്ടു.